കേരളത്തിലെ ട്രെയിന്‍ ഗതാഗതം; ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഇവയാണ്…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നു. പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്.

ജലനിരപ്പ് ഒരോമണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീവണ്ടികള്‍ റദ്ദാക്കിയതിന് പകരമായി ഏര്‍പ്പെടുത്തിയ ക്രമീകരണം യാത്രാക്ലേശം ഒഴിവാക്കാന്‍ പര്യാപ്തമല്ല. എറണാകുളം ഷൊര്‍ണൂര്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ റെയില്‍വേ ബന്ധം രണ്ടായി മുറിഞ്ഞു. കേരള ഉള്‍പ്പടെ ഏതാനും തീവണ്ടികളാണ് തിരുനെല്‍വേലിവഴി കടത്തിവിടാന്‍ കഴിഞ്ഞത്.

എറണാകുളം ആലപ്പുഴ തിരുവനന്തപുരം പാതയിലൂടെ ചെന്നൈ എഗ്മോര്‍, ജനശതാബ്ദി ഇന്റര്‍സിറ്റി, വഞ്ചിനാട്, പ്രത്യേക പാസഞ്ചറുകള്‍ എന്നിവ വെള്ളിയാഴ്ച ഓടിച്ചു. ഇതേ ക്രമീകരണം ശനിയാഴ്ചയും തുടരും.

ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച രാവിലെ എറണാകുളത്തുനിന്നും യാത്ര തുടങ്ങി. ഇന്റര്‍സിറ്റി എറണാകുളത്തുനിന്നും വഞ്ചിനാട് കായംകുളത്തുനിന്നും യാത്ര ആരംഭിച്ചു. ജനശതാബ്ദി എറണാകുളം തിരുവനന്തപുരം പാതയില്‍ മാത്രമായി ഓടുന്നുണ്ട്.

റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാര്‍ക്ക് തിരുനെല്‍വേലി വഴിയുള്ള തീവണ്ടികളില്‍ റിസര്‍വേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്‌റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുയാണ്. അവിടെനിന്ന് മടക്കയാത്ര തുടങ്ങും.

രാജധാനി എക്‌സ്പ്രസ്, നിസാമുദീന്‍ എറണാകുളം എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, എറണാകുളം പുണെ എക്‌സ്പ്രസ് ചണ്ഡിഗഢ് എക്‌സ്പ്രസ് എന്നിവയും കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊല്ലം ചെങ്കോട്ട പാതയിലും തീവണ്ടികള്‍ റദ്ദാക്കി. ശനിയാഴ്ചയുള്ള കൊല്ലം ചെങ്കോട്ട പാസഞ്ചര്‍ റദ്ദാക്കി. മധുരൈ കൊല്ലം പാസഞ്ചര്‍ പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ കൊല്ലത്ത്‌നിന്ന് പുറപ്പെടും. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ കൊല്ലത്ത് നിന്ന് പുറപ്പെടും.

Similar Articles

Comments

Advertismentspot_img

Most Popular