ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു:കനത്ത മഴയില്‍ മലബാറില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍, വയനാടും മൂന്നാറും ഒറ്റപ്പെട്ടു

കൊച്ചി:കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴയില്‍ മലബാറില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, മൂന്നാര്‍ മേഖലയിലും മഴ ശക്തമാണ്. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു.

വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 210 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. നാലാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്. ഇന്നലെ വരെ മൂന്ന് ഷട്ടറുകളേ തുറന്നിരുന്നുള്ളൂ. രാത്രിയിലും മഴ കനത്തതോടെയാണ് നാലാമത്തെ ഷട്ടറും തുറന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ വെള്ളമിറങ്ങിയ ഭാഗങ്ങളെല്ലാം വീണ്ടും വെള്ളത്തിന് അടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലി്ച്ചാല്‍ മതിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി. തലപ്പുഴക്കടുത്ത് കമ്പിപ്പാലത്ത് രാവിലെ ഒഴുക്കില്‍പ്പെട്ടയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഒരു മരണ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ആളാണ് ഒഴുക്കില്‍ പെട്ടെതെന്നാണ് അറിയാന്‍ കഴിയുന്നത്. സമീപത്തുള്ള ഒരു സ്ത്രീയാണ് ഇയാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. നിലവിളി ശബ്ദം കേട്ട് ഓടിയെത്തുമ്പോള്‍ ഇയാള്‍ മുങ്ങിത്താഴുന്നതാണ് കണ്ടതെന്ന് അവര്‍ പറയുന്നു.

താമരശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി. ഈങ്ങാപ്പുഴയില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. പാല്‍ ചുരം കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തകര്‍ന്നതിനാല്‍ യാത്രാ യോഗ്യമല്ല. കുറ്റ്യാടി ചുരത്തിലും സ്ഥിതി മോശമാണ്. ഇതോടെ വയനാട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കോഴിക്കോട് ജില്ലയിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും മഴ ശക്തമാണ്. വനമേഖലകളില്‍ തുരുതുരെ ഉരുള്‍പൊട്ടലുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

ഇടുക്കിയില്‍ മാട്ടുപ്പെട്ടിയില്‍ മൂന്നാമത്തെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവില്‍ നഗരത്തിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതും പാലക്കാട് ജില്ലയിലെ മറ്റ് ഡാമുകളും തുറന്നു വിട്ടതും പലയിടത്തും വെള്ളം കയറാന്‍ കാരണമായി. നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉച്ചയോടെ 60 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. മഴ കൂടിയാല്‍ വീണ്ടും പത്തു സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും. നിലവില്‍ വാളയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ വെള്ളം പൊങ്ങിത്തുടങ്ങിയ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കും. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടി. മരം വീണ് കൊട്ടിയൂര്‍ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular