സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശവുമായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. നീരൊഴുക്ക് ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്ന നിലയില്‍ തുടരുന്നു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ രണ്ടു ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം താഴ്ത്തി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നെങ്കിലും മേഖലയില്‍ മഴ കുറഞ്ഞിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇതോടെ നദീതീരം വ്യാപകമായി ഇടിഞ്ഞുതാണു. വൈദ്യുതിയും ജലവിതരണവും മുടങ്ങി. മാട്ടുപ്പെട്ടി അണക്കെട്ടു തുറക്കുന്നതും കനത്ത മഴയും പരിഗണിച്ച് മുന്‍കരുതലായി മൂന്നാറിലേക്ക് ദുരന്തനിവാരണ സേനയുടെ സംഘത്തെ അയച്ചു.

പാലക്കാട് ജില്ലയില്‍ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടി. അണക്കെട്ടിലെ നാലു ഷട്ടറുകളും തുറന്നിരിക്കുന്നു. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ തുറക്കാനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടി. ആഢ്യന്‍പാറയുടെ സമീപം കഴിഞ്ഞ ബുധനാഴ്ചയും ഉരുള്‍പൊട്ടിയിരുന്നു.

കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍പൊട്ടി താല്‍ക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു. കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ തുടരുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ടു നടപ്പാലങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വയനാട്ടില്‍ കനത്ത മഴ തുടരുന്നു. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലേക്ക് നാവിക സേനയുടെ ഒരു സംഘത്തെയും അയച്ചു.

Similar Articles

Comments

Advertismentspot_img

Most Popular