റാഫേല്‍ ഇടപാട്; സര്‍ക്കാരിന് യാതൊരു പങ്കുമില്ല; കരാര്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും റിലയന്‍സ്

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയന്‍സ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ മറുപടിയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി നല്‍കിയിരിക്കുന്നത്.

വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും സിഇഒ രാജേഷ് ധിന്‍ഗ്ര വ്യക്തമാക്കി.

ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്. 36 റഫാല്‍ വിമാനങ്ങളാണ് പൂര്‍ണമായി നിര്‍മിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്കു നല്‍കുന്നത് എന്നതിനാല്‍ അത്രയും വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സിനെയോ (എച്ച്എഎല്‍) മറ്റേതെങ്കിലും കമ്പനിയേയോ ചുമതലപ്പെടുത്തേണ്ട കാര്യമില്ല.

126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനം നിര്‍മിക്കുന്നതിനായിരുന്നു എച്ച്എഎല്‍ പരിഗണിക്കപ്പെട്ടിരുന്നത്. അതു സംബന്ധിച്ച കരാര്‍ ഇതുവരെ ആയിട്ടില്ല. കരാര്‍ പ്രകാരമുള്ള കയറ്റുമതി ബാധ്യത നിറവേറ്റാനാണ് റിലയന്‍സുമായി വിമാനക്കമ്പനി കരാറിലേര്‍പ്പെട്ടിട്ടുള്ളത്. വിദേശ കമ്പനിയാണ് അവയുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതില്‍ യാതൊരു പങ്കുമില്ല. ആയുധ ഇടപാടുകളുടെ നടപടിക്രമത്തില്‍ 2005 ല്‍ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തിയത്. അതിന്‍ പ്രകാരം വിദേശ കമ്പനിക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. 2005 മുതല്‍ ഇങ്ങനെയാണ് നടന്നുവരുന്നത്.

കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ പ്രകാരം ഇതുവരെ ഒപ്പിട്ടിട്ടുള്ള അന്‍പതില്‍പരം കരാറുകളില്‍ ഈ നടപടിക്രമം തന്നെയാണ് പാലിച്ചിട്ടുള്ളതും. അതിനാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍. എച്ച്എഎല്‍ ഒഴികെ രാജ്യത്ത് ഒരു കമ്പനിക്കും പോര്‍വിമാനമുണ്ടാക്കാനുള്ള പരിചയമില്ല. 90 വര്‍ഷത്തെ വിമാനനിര്‍മാണ പരിചയമുള്ള ഡാസോള്‍ 49% ഓഹരി പങ്കാളിത്തമെടുത്തിട്ടുള്ള ഇന്ത്യന്‍ സംയുക്ത സംരംഭമാണ് ഡാസോള്‍ റിലയന്‍സ് ഏറോസ്‌പേസ് ലിമിറ്റഡ്.

റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച്എഎല്‍, ബിഇഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ അടക്കം നൂറോളം ഇന്ത്യന്‍ കമ്പനികള്‍ക്കാണു കരാര്‍ ലഭിക്കുക.

സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലൂടെ സര്‍ക്കാരിനു കീഴിലുള്ള പ്രതിരോധ ഗവേഷണ കേന്ദ്രത്തിനും പ്രയോജനം ലഭിക്കും. മൂന്നു പ്രതിരോധ നിര്‍മാണ കമ്പനികള്‍ 2014 ഡിസംബറിലും റിലയന്‍സ് സ്ഥാപനം 2015 ഫെബ്രുവരിയിലും ആരംഭിച്ചു. 2015 ഏപ്രിലാണ് റഫാല്‍ കരാര്‍ ഒപ്പിട്ടത്.

ഫ്രാന്‍സിലും മറ്റു രാജ്യങ്ങളിലേക്കുമുള്ള സിഇഒ ഫോറത്തിലെ അംഗങ്ങളില്‍ ഒരാളാണ് അനില്‍ അംബാനി. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഫ്രാന്‍സില്‍ ഉണ്ടായിരുന്ന 25 വ്യവസായപ്രമുഖരുടെ സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. 30,000 കോടിയല്ല, യഥാര്‍ഥത്തില്‍ 1.3 ലക്ഷം കോടിയുടെ കരാറാണ് റിലയന്‍സിനു ലഭിച്ചിരിക്കുന്നതെന്ന പ്രചാരണവും രാജേഷ് ധിന്‍ഗ്ര നിഷേധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular