മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; നിര്‍ദേശങ്ങളുമായി പൊലീസ്‌

തിരുവനന്തപുരം: മോമോ ഗെയിമിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും അത് കാരണം നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു.

കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ.ജി.അഭ്യര്‍ത്ഥിച്ചു. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കണം.

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

എന്താണ് മോമോ ഗെയിം?

ബ്ലൂവെയില്‍ പോലെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഗെയിമാണു മോമോ. വാട്സാപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജില്‍ നിന്നാണു തുടക്കം. തുടര്‍ന്ന് ഈ നമ്പരില്‍നിന്നു പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടര്‍ന്നു സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.

ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണു മോമോയുടെ ഐക്കണ്‍. മോമോ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണു മോമോ ഗെയിം ആരംഭിച്ചതെന്നാണു മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ ആത്മഹത്യ ചെയ്ത കൗമാരക്കാരിയുടെ മരണത്തിനു പിന്നില്‍ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular