പ്രളയക്കെടുതി കേരളം വിളിച്ച് വരുത്തിയത്; കാരണമായത് ഭൂമിയും മണ്ണും തലതിരിച്ച് ഉപയോഗിച്ചതാണ്: മാധവ് ഗാഡ്ഗില്‍

മുംബൈ: കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് പ്രകശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ജനകീയ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തിലെ കാര്യങ്ങള്‍ ആശങ്ക ജനകമാണ്. വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യ നിര്‍മിത ദുരന്തമാണ്. മയ മാത്രമല്ല ഇതിന് കാരണം. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് ഇതിന് കാരണം. വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല.-ഗാഡ്ഗില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്ന് അവകാശപ്പെടുന്നില്ല. പക്ഷെ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നു. കയ്യേറ്റം കുത്തനെ വ്യാപിച്ചു. ജലാശയങ്ങളും ഭൂഗര്‍ഭ ജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും കൈയ്യേറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമായി മാറിയത്. പാറമടകള്‍ മണ്ണിടിച്ചിലിനും കാരണമായി.

സാമ്പത്തിക താത്പര്യത്തിനായി കൈകോര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരുമാണ് ഈ അവസ്ഥയുടെ പ്രധാന ഉത്തരവാദികള്‍. സ്ഥാപിത താത്പര്യങ്ങള്‍ ഉള്ളവര്‍ ഒന്നിച്ചു. അവരാണ് ദുരന്തത്തിന്റെ ഉത്തരവാദികള്‍. ഇക്കാര്യം ജനങ്ങള്‍ പരിശോധിക്കണം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ട്. ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടത്തുന്നില്ലെന്നും ഗഡ്ഗില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular