മോഹന്‍ലാല്‍ ആണ് എന്നെ സിനിമയിലെത്തിച്ചത്: എം. ജയചന്ദ്രന്‍

കൊച്ചി:സിനിമയിലേക്ക് എത്താനുള്ള കാരണങ്ങളില്‍ ഒന്ന് മോഹന്‍ലാല്‍ ആയിരുന്നെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ബാല്യകാലം മുതല്‍ മോഹന്‍ലാല്‍ തന്റെ പ്രചോദനമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ സ്വപ്ന ചിത്രമായ ഒടിയനില്‍ സംഗീതം നല്‍കിയിരിക്കുന്നത് ജയചന്ദ്രനാണ്. ഒടിയന്റെ ഭാഗമായത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാറിന് തന്നോടുള്ള വിശ്വാസമാണ് തനിക്ക് പ്രചോദനമായതെന്നു ജയചന്ദ്രന്‍ പറഞ്ഞു. തീയെറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ഒടിയന്‍ അവസാനഘട്ട പണിപ്പുരയിലാണ്. ചിത്രത്തില്‍ മൊത്തം നാലു പാട്ടുകളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ശങ്കര്‍ മഹാദേവനും, ശ്രെയ ഘോഷാലുമാണ് ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. കൂടാതെ മോഹന്‍ലാലും ഒരു ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മകളും റഫീഖ് അഹമ്മദുമാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

പ്രൊജക്റ്റ് ആരംഭിക്കുമ്പോള്‍ സംഗീത സംവിധായകനായി മറ്റാരെയും കുറിച്ച് ആലോചിച്ചില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഒടിയനില്‍ ഒരു താളമുണ്ട്. നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞുതരുന്ന പഴങ്കതകളുടെ പോലെയൊന്ന്. സിനിമയെക്കുറിച്ച് ജയചന്ദ്രനോട് പറഞ്ഞ് കൊടുത്തത് ഇതായിരുന്നെന്നും പിന്നീട് അദ്ദേഹമുണ്ടാക്കിയ സംഗീതത്തില്‍ എല്ലാം മാന്ത്രികതയുണ്ടായിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

പ്രകാശ് രാജിന്റെ പ്രകടനവും ഗംഭീരമായിരുന്നെന്നും മഞ്ജു വാര്യര്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്മാര്‍ മുതല്‍ ടീ ബോയ് വരെ എല്ലാവരും അവരുടെ ഹൃദയവും മനസും ചിത്രത്തിന് വേണ്ടി നല്‍കിയെന്നാണ് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഒക്റ്റോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

SHARE