മധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മുധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി ഈ മാസം 20 ന് ഷൂട്ടിംഗിന് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

പോക്കിരിരാജയ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യുന്നത്. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇതെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാണുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തിലും ചിത്രത്തില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളില്‍ തന്നെ ഒരേസമയം റിലീസും ചെയ്യുന്നതാണ്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്ക്എസ് വിദഗ്ദ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആര്‍.കെ. സുരേഷ്, നെടുമുടിവേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം.ആര്‍. ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുരുകന്‍ കാട്ടാക്കടയും ഹരിനാരായണനും എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കന്‍ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിര്‍വഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനര്‍. അരോമ മോഹന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും വി എ താജുദ്ധീന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular