നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി

മലപ്പുറം: സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കലിതുള്ളി കാലവര്‍ഷം. മലപ്പുറം നിലമ്പൂരിനടുത്ത് ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയായിരിന്നു ഉരുള്‍പൊട്ടല്‍. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പതിനഞ്ചായി. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍.

മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്.

നിലമ്പൂരില്‍ മണ്ണിടിച്ചിലില്‍ ആറു പേരെ കാണാതാവുകയും ഒരാളുടെ മൃതദേഹം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് വൈത്തിരിയില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പെരിയാന്‍ വാലിയില്‍ കുടക്കുന്നേല്‍ അഗസ്റ്റിന്‍ ഭാര്യ ഏലിക്കുട്ടി എന്നിവരും ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അടിമാലിയില്‍ മണ്ണിടിഞ്ഞു കാണാതായ ഫാത്തിമയുടെ മൃതദേഹം ലഭിച്ചു.

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍ കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പൊട്ടി കാണാതായ റിജിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular