മോട്ടോര്‍ വാഹന പണിമുടക്ക്; ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കൊച്ചി: അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനംചെയ്തത്.

ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular