മാതൃഭൂമിക്കെതിരേ താരസംഘടന; മോഹന്‍ ലാല്‍ രാജിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല; അമ്മയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; റിപ്പോര്‍ട്ട് പരസ്യം കിട്ടാത്തതിലുള്ള വിദ്വേഷം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വാക്കു തര്‍ക്കവും ചേരിപ്പോരുമുണ്ടായെന്ന വാര്‍ത്തയ്‌ക്കെതിരേ സംഘടന. മാതൃഭൂമി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും സംഘടന വ്യക്തമാക്കുന്നു. അമ്മയില്‍ ചേരിപ്പോര് ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മാതൃഭൂമിക്ക് അമ്മയോടുള്ള ശത്രുത കൊണ്ടല്ല, അവര്‍ക്ക് പരസ്യം കിട്ടാത്തതിലുള്ള വിദ്വേഷം തീര്‍ക്കുകയാണെന്നും താരസംഘടന വെളിപ്പെടുത്തി.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ….

ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരിതിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നല്‍കേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി പലതരത്തില്‍ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തികള്‍ അവര്‍ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹന്‍ലാലിനേയും അവര്‍ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയില്‍ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹന്‍ലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ട്. അംഗങ്ങള്‍ ആരും ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.

നേരത്തെ അമ്മയില്‍ ചേരിതിരിവ് രൂക്ഷമായെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തത്സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ശ്രമിച്ചുമെന്നായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ…
ജൂലായ് 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ആകെ ഉലഞ്ഞുപോയ ‘അമ്മ’യുടെ മുഖംരക്ഷിക്കാന്‍ കൂടിയാലോചനകളില്‍ ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്നും സമൂഹത്തില്‍ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചു. പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂര്‍ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്കാന്‍ തീരുമാനിച്ചു. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടികളുമെടുത്തു. ഇതറിഞ്ഞ ദിലീപ് അനുകൂലവിഭാഗം സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരവാഹിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള നീക്കങ്ങളില്‍ ഇദ്ദേഹംതന്നെ നേരിട്ടുപ്രവര്‍ത്തിച്ചതായാണ് അമ്മയിലെ അംഗങ്ങളില്‍നിന്ന് കിട്ടുന്ന വിവരം.

തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹന്‍ലാല്‍ ക്ഷുഭിതനായി. രാജിവയ്ക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ അനുനയനീക്കങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറി. ‘ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും’ ദിലീപിനെ ഉദ്ദേശിച്ച് ലാല്‍ ഒരുഘട്ടത്തില്‍ ചോദിക്കുകയും ചെയ്തു.

പരാതി സര്‍ക്കാരിന് മുമ്പാകെ എത്തില്ലെന്ന് ഉറപ്പായതോടെ നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്‌സിക്യുട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാന്‍ അപേക്ഷ നല്കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകള്‍ തയ്യാറാക്കി.

ഇതിനിടെ ദിലീപ് മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതല്‍ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരല്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയ നടന്‍ പറയുന്നു. അപേക്ഷയില്‍ പലവിവരങ്ങളും ചേര്‍ത്തത് രചനയുടെയും ഹണിറോസിന്റെയും അനുമതിയില്ലാതെയാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular