നിര്‍മാണം മാത്രമല്ല, വരത്തനില്‍ നസ്രിയയുടെ വക പാട്ടും.!!!

മലയാളി പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന വരത്തന്‍. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മാത്രമല്ല, ചിത്രത്തില്‍ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ളൊരു ചിത്രം നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാനവേഷങ്ങളില്‍ എത്തിയ സലാല മൊബൈല്‍സ് എന്ന ചിത്രത്തിനു വേണ്ടിയും നസ്രിയ പാടിയിരുന്നു. ലാലാലസ എന്നു തുടങ്ങുന്ന ഗാനമാണ് നസ്രിയ ആലപിച്ചത്. ഗോപീ സുന്ദറായിരുന്നു സലാല മൊബൈല്‍സിന്റെ സംഗീതം. എന്നാല്‍ വരത്തനില്‍ നസ്രിയ പാടുന്ന പാട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വരത്തന്റെ ടീസറിനും പോസ്റ്ററിനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. വരത്തന്‍ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ മ്യൂസിക്കും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. ലിറ്റില്‍ സ്വായംപിന്റേതാണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു

ഇയോബിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം സമ്മാനിച്ച ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വരത്തനായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.

Similar Articles

Comments

Advertismentspot_img

Most Popular