വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം പാങ്ങോട് കസ്റ്റഡിയിലായ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. അതേസമയം കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ഇതിനാലാണെന്ന് പൊലീസിന് മൊഴി ലഭിച്ചു. കൃഷ്ണന്റെ സുഹൃത്തുക്കളെയും ആഭിചാരക്രിയയ്ക്ക് എത്തിയവരെയും പൊലീസ് ചോദ്യം ചെയ്യും.

കേസില്‍ നേരത്തെ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാള്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീടിനു പിന്നിലുള്ള കുഴിയില്‍നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം.

അര്‍ജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമെന്നാണ് സൂചന. അര്‍ജുന്റെ തലയില്‍ പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എല്ലാവരുടെയും ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്.

കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിനു പിന്നിലുള്ള കുഴിയില്‍നിന്നാണ്. അതേ കുഴിയില്‍തന്നെയാണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതും. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് വൈകീട്ട് മൂന്നരയോടുകൂടി കൃഷ്ണന്റെ വീടിനു സമീപത്തുള്ള സഹോദരന്‍ യജ്ഞേശ്വരന്റെ വീട്ടിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. വീട്ടുകാരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. മൃതദേഹങ്ങള്‍ കാണണമെന്ന് സുശീലയുടെ സഹോദരിമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെട്ടി തുറന്നെങ്കിലും ദുര്‍ഗന്ധം വമിക്കുമെന്നതിനാല്‍ ഉടന്‍തന്നെ അടച്ചു.

ഇവിടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കൃഷ്ണന്റെ പുരയിടത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ ചെറിയ കുഴിയോടു ചേര്‍ന്ന് വലിയൊരു കുഴിയൊരുക്കി മൃതദേഹങ്ങള്‍ മറവ് ചെയ്തു. കൃഷ്ണന്റെ സഹോദരനായ യജ്ഞേശ്വരനാണ് മരണാനന്തരചടങ്ങുകള്‍ നടത്തിയത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, റോയി കെ.പൗലോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യന്‍, മാത്യു കുഴല്‍നാടന്‍, ആര്‍ഷയുടെയും അര്‍ജുന്റെയും സുഹൃത്തുക്കള്‍, സഹപാഠികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കമ്പകക്കാനത്ത് എത്തിയിരുന്നു.

35 പവനോളം സ്വര്‍ണം കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമന പറഞ്ഞു. ഏപ്രില്‍ ആദ്യവാരം താനും ഭര്‍ത്താവും മകളും കമ്പകക്കാനത്തെ വീട്ടിലെത്തിയിരുന്നു. ആ സമയം വീട്ടില്‍ മകളുടെ ആവശ്യത്തിന് വാങ്ങിവെച്ചതെന്ന് പറഞ്ഞ് മാലയും വളയും ഉള്‍പ്പെടെ മുപ്പത് പവനിലധികം സ്വര്‍ണാഭരണങ്ങള്‍ ഓമനയെയും മകളെയും സുശീല കാണിച്ചിരുന്നു. അന്ന് രണ്ടു ദിവസം തങ്ങിയ ശേഷമാണ് ഇവിടെനിന്ന് പോയത്.

ഏപ്രില്‍ മുപ്പതിന് കൊല്ലപ്പെട്ട നാലുപേരും തങ്ങളുടെ വീടായ രാജാക്കാട് ഒരു ബന്ധുവിന്റെ വിവാഹത്തിനെത്തിയിരുന്നു. അന്ന് കുറച്ച് കൂടി സ്വര്‍ണം വാങ്ങിയ കാര്യവും പറഞ്ഞു. വീടിന് പുറത്തിറങ്ങുമ്പോള്‍ ആഭരണങ്ങളണിഞ്ഞാണ് എല്ലാവരും പോയിരുന്നത്. എന്നാല്‍ ഇവയൊന്നും മൃതദേഹത്തില്‍നിന്നോ വീട്ടില്‍നിന്നോ കണ്ടെത്താനായിട്ടില്ല. ഇത് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. മോഷണത്തിനല്ല കൊലപാതകമെങ്കിലും കൃത്യത്തിനുശേഷം ഈ സ്വര്‍ണവും കൊണ്ടുപോയെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകവിവരമറിഞ്ഞ് സുശീലയുടെ സഹോദരങ്ങളായ ബിന്ദു, ഓമന, ബീന, രാജു, ബിജു എന്നിവര്‍ കമ്പകക്കാനത്ത് എത്തിയിരുന്നു.

കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്സാപ്പ് ഉപയോഗിച്ചിരുന്നതായി കുട്ടി പഠിച്ചിരുന്ന കോളെജില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിനുശേഷമാണ് കൊല നടന്നതെന്നാണ് കരുതുന്നത്. രാത്രിയില്‍ ആര്‍ഷക്കും വീട്ടിലെ മറ്റുള്ളവര്‍ക്കും വന്ന ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബി.എ.ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കിയശേഷമാണ് തൊടുപുഴയില്‍ ബി.എഡിന് ചേര്‍ന്നത്.

എപ്പോഴും ഒറ്റക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേതെന്ന് കൂട്ടുകാരും അധ്യാപകരും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്‍ഷ ഒടുവിലായി ക്ലാസിലെത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവര്‍ ക്ലാസിലെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. അയല്‍വാസി പുത്തന്‍പുരയ്ക്കല്‍ ശശിയുടെ വീട്ടില്‍ ഞായറാഴ്ച വൈകീട്ട് ആര്‍ഷ പാല് വാങ്ങാനെത്തിയിരുന്നു. ജൂലായ് രണ്ടിനാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഒരു മാസത്തോളം പരിചയമേ കോളേജിലുള്ളവര്‍ക്കും ആര്‍ഷയുമായുള്ളൂ. കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular