‘ആ കത്തെഴുതിയത് താന്‍ തന്നെ,വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെ’ ; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍

കൊട്ടാരക്കര : കത്തില്‍ ഗണേഷ് പേജുകള്‍ വ്യാജമായി നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ത്തെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. കത്ത് താനെഴുതിയത് തന്നെയാണ്. തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്. തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും സരിത പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

സരിത എസ് നായരുടെ കത്തിന് പിന്നില്‍ കെ ബി ഗണേഷ് കുമാറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികരണമായാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയാക്കാത്തതില്‍ ഗണേഷ് കുമാര്‍ വിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്.

സരിതയുടെ വിവാദ കത്തിലെ നാലു പേജുകള്‍ വ്യാജമാണ്. ഈ പേജുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണ്. ഇത് കത്തിനൊപ്പം കൂട്ടിചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗണേഷ് കുമാറാണ്. മന്ത്രിസഭയില്‍ തിരിച്ചെടുക്കാത്തതില്‍ ഗണേഷ് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി മൊഴിയില്‍ വ്യക്തമാക്കി. സരിതയുടേതെന്ന പേരില്‍ 25 പേജുള്ള കത്താണ് പുറത്തുവന്നത്.

എന്നാല്‍ സരിത ജയിലില്‍ നിന്നും 21 പേജുള്ള കത്താണ് തന്നെ ഏല്‍പ്പിച്ചതെന്നും, പിന്നീട് ഗണേഷിന്റെ നിര്‍ദേശ പ്രകാരം നാലുപേജുകള്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു എന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular