‘മൂത്തോന്‍’ തീയറ്ററുകളില്‍ എത്താന്‍ വൈകും; വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി. ”ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ മൂത്തോന്‍ തീയേറ്ററുകളിലെത്തുകയുള്ളു. സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ എനിക്ക് സാധിക്കുകയില്ല.

പതിനാലുകാരന്‍ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. ഗീതു മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ മികച്ച സംവിധായകരില്‍ ഒരാളാണ്. അഭിനേതാക്കളില്‍ നിന്ന് സിനിമയ്ക്ക് വേണ്ടിയത് നേടിയെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് അവര്‍ നമ്മളെ എത്തിക്കും അത് വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ.”

തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഗീതു മോഹന്‍ദാസ് തന്നെയാണ്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular