മോദിയെ തള്ളി; ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ആമിര്‍ ഖാനും കപില്‍ ദേവിനും ക്ഷണം

ഇസ്ലാമാബാദ്: നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ജൂലൈ 25ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ദ പാകിസ്ഥാന്‍ തെഹ്രീക്- ഇ- ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതോടെയാണ് നേതാവായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്.
പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയുമായി സംസാരിച്ച് ആരൊയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിക്കുമെന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ‘മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിദേശ നേതാക്കളെ സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് വാര്‍ത്ത തെറ്റാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം മാനിച്ച് മാത്രമെ ഇതില്‍ തീരുമാനം എടുക്കുകയുളളു’, ഫവാദ് പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പിന്നീട് ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. ഇമ്രാന്‍ വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ സൂചനയാണിതെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular