മോഹന്‍ലാല്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല: ഡോ. ബിജു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു ദാമോദരന്‍. ഇത് വ്യക്തമാക്കി ഡോ. ബിജു ചലച്ചിത്ര അക്കാദമിക്ക് കത്തയച്ചു.

സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന അമ്മയുടെ അധ്യക്ഷന്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. ജൂറി അംഗം കൂടിയായിരുന്നു സംവിധായകന്‍ ഡോ. ബിജു. പുരസ്‌കാരം നേടുന്ന ആളുകളെ അപ്രസക്തരാക്കിക്കൊണ്ട് ആ ചടങ്ങിലേക്ക് മറ്റ് മുഖ്യ അതിഥികളെ വേദിയില്‍ പങ്കെടുപ്പിക്കരുത് എന്ന നിലപാട് അംഗീകരിക്കാത്തതിലുള്ള പ്രതിഷേധവും കത്തില്‍ ബിജു രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെയും സെക്രട്ടറിയുടെയും അറിവിലേക്കായി

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചതിലുള്ള ജൂറിയിലെ ഒരംഗം എന്ന നിലയില്‍ പ്രസ്തുത പുരസ്‌കാരങ്ങള്‍ വിജയികള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കണം എന്ന് ചലച്ചിത്ര അക്കാദമി ഓഫീസില്‍ നിന്നും അറിയിച്ചിരിക്കുന്നു. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നും ആ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയുമാണെന്ന് അറിയിച്ചിട്ടുണ്ട്.

ആ വിവരം രേഖാ മൂലം കൂടി അങ്ങയെ അറിയിക്കുക ആണ്. പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രണ്ടു കാരണങ്ങളാലാണ് എന്ന് അറിയിച്ചുകൊള്ളട്ടെ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ദേശീയ പുരസ്‌കാര വിതരണം പോലെ സാംസ്‌കാരിക പൂര്‍ണ്ണമായ ഒരു ചടങ്ങില്‍ ആയിരിക്കണം എന്നും പുരസ്‌കാരം നേടുന്ന ആളുകളെ അപ്രസക്തരാക്കിക്കൊണ്ട് ആ ചടങ്ങിലേക്ക് മറ്റ് മുഖ്യ അതിഥികളെ വേദിയില്‍ പങ്കെടുപ്പിക്കരുത് എന്ന നിലപാട് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ വര്ഷങ്ങളായി ഉന്നയിക്കുന്നുണ്ട്.

ഈ വര്‍ഷം കേരളത്തിലെ പ്രധാനപ്പെട്ട സാഹിത്യ സാംസ്‌കാരിക നായകര്‍ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവര്‍ അതിന് യാതൊരു ശ്രദ്ധയും നല്‍കാതെ ഒരു സൂപ്പര്‍ താരത്തെ മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുകയും, പുരസ്‌കാര വിതരണ ചടങ്ങ് അവാര്‍ഡ് ജേതാക്കള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാത്ത വിധം മുഖ്യാതിഥിയ്ക്കുള്ള ഒരു താര സ്വീകരണം എന്ന നിലയിലേക്ക് മാറുകയും ചെയ്തതായി മനസ്സിലാകുന്നു. പുരസ്‌കാര ജേതാക്കളെ അപ്രസക്തരാക്കുന്ന ഇത്തരം രീതിയോട് ഒരു രീതിയിലും യോജിക്കാന്‍ സാധ്യമല്ല എന്നതാണ് വിട്ടു നില്‍ക്കാനുള്ള ആദ്യ കാരണം.

രണ്ടാമത്തെ കാരണം അല്‍പ്പം കൂടി സാമൂഹ്യപരമാണ്. ഈ വര്‍ഷം മുഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട താരം സിനിമാ രംഗത്തെ ഒരു സംഘടനയുടെ പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാള്‍ ആണ്. ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു സമൂഹത്തിന് മുന്‍പില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കുറ്റാരോപിതന് വേണ്ടി പരസ്യമായി നിലകൊള്ളുകയും ചെയ്ത ഒന്നാണ് ഈ സംഘടന.

അങ്ങനെ ഒരു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉള്ള ഒരാളെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്ന ഒരു സാംസ്‌കാരിക ചടങ്ങില്‍ മുഖ്യ അതിഥിയായി ക്ഷണിക്കുന്നത് പൊതു സമൂഹത്തിന് വളരെ മോശമായ ഒരു സന്ദേശം ആണ് നല്‍കുന്നത്. ഇത്തരം അരാഷ്ട്രീയവും സാമൂഹ്യ വിരുദ്ധമായ നിലപാടുകള്‍ അംഗീകരിക്കപ്പെടുന്ന ഒരു വേദിയില്‍ സാന്നിധ്യമായി പോലും പങ്കെടുക്കുന്നത് ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല സാമൂഹിക ബോധ്യമുള്ള ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരാളില്‍ അവശേഷിക്കുന്ന എല്ലാ ധാര്‍മിക നിലപാടുകളുടെയും സത്യസന്ധതയുടെയും രാഷ്ട്രീയ ബോധത്തിന്റെയും മരണമായിരിക്കും എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നതിനാല്‍ ഈ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അറിയിച്ചു കൊള്ളുന്നു.

വരും വര്‍ഷങ്ങളില്‍ എങ്കിലും ടെലിവിഷന്‍ ഷോകളുടെ മാതൃകയില്‍ താരത്തിളക്കങ്ങളുടെ ആരാധനാ ഭ്രമം ഇല്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അതിന്റെ വിജയികള്‍ക്ക് സ്റ്റേറ്റ് നല്‍കുന്ന ആദരവ് എന്ന നിലയില്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്ന വേദിയില്‍ വെച്ച് വിതരണം ചെയ്യുക എന്ന മാനവിക രാഷ്ട്രീയം ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു ..

വിശ്വസ്തപൂര്‍വം
ബിജുകുമാര്‍ ദാമോദരന്‍ (സംവിധായകന്‍)

Similar Articles

Comments

Advertismentspot_img

Most Popular