ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി, വീണ്ടും തെരഞ്ഞടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന് ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞു. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നു വിവിധ പാര്‍ട്ടികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. അതുവരെ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പിഎംഎല്‍-എന്‍ അധ്യക്ഷന്‍ ഷഹ്ബാസ് ഷരിഫ്, മുത്തഹിദ മജിലിസെ അമല്‍ (എംഎംഎ) അധ്യക്ഷന്‍ മൗലാന ഫസ്ലുര്‍ റെഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പു ഫലം തള്ളിയ യോഗം, നിലവിലെ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കുമെന്നും ചര്‍ച്ച ചെയ്തു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണു അപ്രതീക്ഷിത നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നടത്തിയ നിലപാടുമാറ്റവും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 16,857,035 വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍ എന്നിന് 12,894,225 കോടി വോട്ടുകള്‍ ലഭിച്ചു. പിപിപിക്ക് 6,894,296 വോട്ടുകളാണു ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്‍ഥികളെല്ലാവരും ചേര്‍ന്ന് 6,011,297 വോട്ടുകള്‍ നേടിയെടുത്തു. ദേശീയ അസംബ്ലിയിലേക്ക് 51.7 ആണ് ആകെ വോട്ടിങ് ശതമാനം.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാക്കിസ്ഥാനില്‍ നടന്ന സംഭവവികാസങ്ങളില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സംഘടന ഇലക്ഷന്‍ കമ്മിഷനെ അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കമ്മിഷനൊപ്പം നിലയുറപ്പിക്കുമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം ശനിയാഴ്ചയാണ് പ്രഖ്യാപിക്കാനായത്. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ ന്യായീകരണം.

Similar Articles

Comments

Advertismentspot_img

Most Popular