വീണ്ടും മമ്മൂട്ടി മാജിക്, പേരന്‍പിലെ ആദ്യ ഗാനം പുറത്ത് (വീഡിയോ കാണാം)

കൊച്ചി:മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമായ പേരന്‍പിലെ ഗാനം പുറത്തിറങ്ങി. വാന്‍തൂറല്‍ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. ടീസറിന്റെ മൂന്നാം ഭാഗമെന്നോണമാണ് ഗാനം പുറത്തിറക്കിയത്. ‘പ്രകൃതി അത്ഭുതകരം’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ശ്രീറാം പാര്‍ത്ഥസാരഥിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

സിനിമയില്‍ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ പേരന്‍പിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവുകളിടക്കം പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലാണ് പേരന്‍പിന്റെ ചിത്രീകരണം നടന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular