അഭിമന്യു വധം: മുഖ്യപ്രതികളില്‍ ഒരാളായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊച്ചി: അഭിമന്യു വധത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമ വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് കൊലയാളി സംഘം മഹാരാജാസ് കോളേജിലേക്കെത്തിയത്.

കേസിലെ ഒന്നാം പ്രതിയും, മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ജെ.ഐ നേരത്തെ പിടിയിലായിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. സംഭവത്തില്‍ കൊലയാളി സംഘത്തെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ഇയാളാണ്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ 15 പ്രതികളുണ്ടെന്നാണ് പൊലീസിന്റെ എഫ്ഐആര്‍. അതില്‍ 14 പേരും ക്യാംപസില്‍ നിന്നും പുറത്തു വന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി സംഘം രണ്ട് വട്ടം ക്യാംപസിന്റെ പരിസരത്തെത്തിയെന്നും അതില്‍ 14 പേരും പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹാരാജാസ് കോളേജില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ നേതാവായ അഭിമന്യു കുത്തേറ്റ് മരിച്ചത്. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.

പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്റര്‍ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിച്ചതനുസരിച്ച് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. ഇതോടെ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലായി. ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular