ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍

സര്‍ക്കാരിന്റെ ഔദ്യോഗീക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും. കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തിരുന്നു.

മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ സിനിമാ മേഖലയില്‍ എന്തോ ചില കുസൃതി നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും പിണക്കം മറന്ന് ഒരുമിച്ച് നില്‍ക്കണം. കലാരംഗത്ത് ഒത്തൊരുമ ഉണ്ടാകണം. മോഹന്‍ലാലിനെ വിളിക്കാന്‍ തന്റെ കൈയില്‍ നമ്പരില്ല. പക്ഷേ ഞാന്‍ വിളിച്ചാല്‍ അദ്ദേഹം എന്തു വിചാരിക്കുമെന്നും ആശങ്കയുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണമെന്നും താരങ്ങള്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കിയിരുന്നു.

നേരത്തെ അവാര്‍ഡ്ദാന ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട സിനിമാ പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. ബിജു രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആ പ്രസ്താവന കണ്ട് മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിച്ചത് ആണെന്നും ഡോ. ബിജു സൗത്ത് ലൈ വിനോട് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular