പറവൂരില്‍ 10 വര്‍ഷമായി വീട്ടുതടങ്കലിലായ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വീട്ടു തടങ്കലിലാക്കിയ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ ശിശുക്ഷേമസമിതിക്ക് നിര്‍ദേശം നല്‍കി. പ്രാഥമിക വിദ്യാഭ്യാസം നിഷേധിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ തീരുമാനം.

അതേസമയം വീട്ടുതടങ്കലില്‍ അല്ലെന്നാണ് കുട്ടികളുടെ വാദം. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ടെന്നും വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ കുട്ടികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി തഹസില്‍ദാര്‍ എത്തി ഗൃഹനാഥനോട് സംസാരിച്ചെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ ഗൃഹനാഥന്‍ അബ്ദുള്‍ ലത്തീഫ് തയ്യാറായിരുന്നില്ല

വിശ്വാസത്തിന്റെ പേരിലാണ് കഴിഞ്ഞ 10 വര്‍ഷമായി തന്റെ കുട്ടികളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ലത്തീഫ് തടഞ്ഞുവെച്ചിരിക്കുന്നത്. ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു.

പന്ത്രണ്ടും ഒമ്പതും ആറും വയസ്സുള്ള തങ്ങളുടെ മക്കളെയാണ് അബ്ദുള്‍ ലത്തീഫും ഭാര്യയും കഴിഞ്ഞ 10 വര്‍ഷമായി വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇതുവരെ സ്‌ക്കൂളില്‍ പോകാന്‍ അനുവദിച്ചിട്ടില്ല.

വിശ്വാസത്തിന്റെ പേരിലാണ് ഇതെല്ലാമെന്ന് അബ്ദുള്‍ ലത്തീഫ്തന്നെ സമ്മതിക്കുന്നുണ്ട്. തനിക്ക് ദിവ്യത്വം കിട്ടിയിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് ലത്തീഫിന്റെ അവകാശവാദം. സ്‌ക്കൂളില്‍ പോയാല്‍ കുട്ടികള്‍ ചീത്തയാവുമെന്നാണ് ഇയാള്‍ പറയുന്നത്.

വീട്ടില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അധികൃതരോട് ലത്തീഫ് പറഞ്ഞിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു.

കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും വഴങ്ങാന്‍ അബ്ദുള്‍ ലത്തീഫ് തയ്യാറായില്ല. താന്‍ മഹതി ഇമാമാണെന്നും ഇന്ത്യയിലെ നിയമ വ്യവസ്ഥ തനിക്ക് ബാധകമല്ലെന്നുമായിരുന്നു ലത്തീഫിന്റെ വാദം.

അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ലത്തീഫിന്റെ കുടുംബത്തെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെയും പോലീസിനെയും നേരത്തെ വിവരമറിയിച്ചിരുന്നു. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ അന്ന് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുമെത്തി സംസാരിച്ചെങ്കിലും ലത്തീഫ് തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular