പൊലീസിന് വീണ്ടും വീഴ്ച പറ്റി..? വനിതാ പോലീസില്ലാതെ ഗര്‍ഭിണിയെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ സംഭവം വിവാദമാകുന്നു

തിരുവനന്തപുരം: ഗര്‍ഭിണിയെ ഭര്‍ത്താവിനൊപ്പം വനിതാ പോലീസില്ലാതെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതു വിവാദമാകുന്നു. നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിനിടയ്ക്കാണ് ശ്രീകാര്യം പോലീസിന്റെ ഈ നടപടി. ഭര്‍ത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ പോലീസുകാരിലൊരാള്‍ സ്‌റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെല്‍മെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്.ഐ.യോട് കഴക്കൂട്ടം എ.സി.പി. ആര്‍. അനില്‍കുമാര്‍ വിശദീകരണം തേടി. സ്ത്രീക്കു പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പോലീസിനു നിയമം ബാധകമല്ലേയെന്ന വിമര്‍ശനം ഉയരുന്നു. യുവാവ് മദ്യപിച്ചു വാഹനമോടിച്ചതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും യുവാവിനെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചുവെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ വനിതാ പോലീസില്ലാതെയും സ്ത്രീകളെ ജീപ്പില്‍ കയറ്റാമെന്നും പോലീസ് പറഞ്ഞു. ശ്രീകാര്യം ചിത്രവിള സ്വദേശികളായ ദമ്പതിമാരാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ബോട്ട് ക്ലബ്ബിനടുത്ത് റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി വിശ്രമിച്ചത്.

വാഹനപരിശോധനയ്ക്കു പോകുകയായിരുന്ന ഗ്രേഡ് എസ്.ഐ. വിജയകുമാരന്റെ നേതൃത്വത്തിലുള്ള ശ്രീകാര്യം പോലീസ് സംഘം ഇവരെക്കണ്ട് ജീപ്പ് നിര്‍ത്തി ചോദ്യങ്ങള്‍ ചോദിച്ചു. ഗര്‍ഭിണിയാണെന്നും ക്ഷീണം തോന്നിയതുകൊണ്ട് ഇരുന്നതാണെന്നും യുവതി പോലീസിനോടു പറഞ്ഞു. മദ്യപിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെ പോലീസ് ജീപ്പില്‍ പിടിച്ചുകയറ്റി. ഇതിനടുത്ത് കളികളില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ യുവതിയുടെ നിലവിളി കേട്ട് എത്തി. ഭര്‍ത്താവ് മദ്യലഹരിയിലാണെന്നും അതുകൊണ്ട് ഇവരെ കസ്റ്റഡിയിലെടുക്കുന്നുവെന്നും പോലീസ് പറഞ്ഞു. തനിക്ക് ജീപ്പില്‍ കയറാന്‍ പേടിയാണെന്നും ഗര്‍ഭിണിയായതിനാല്‍ ജീപ്പിന്റെ ഇടുങ്ങിയ സീറ്റില്‍ ഇരിക്കാന്‍ പ്രയാസമാണെന്നും യുവതി പറഞ്ഞു. വനിതാ പോലീസില്ലാതെ യുവതിയെ ജീപ്പില്‍ കൊണ്ടുപോകുന്നതിനെ നാട്ടുകാരു എതിര്‍ത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular