ഫിറ്റ്‌നെസിനൊപ്പം കളിക്കാരന്റെ കഴിവും കണക്കിലെടുക്കണം; യോ യോ ടെസ്റ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന യോ യോ ടെസ്റ്റിനെതിരെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘ യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍ ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോ യോ ടെസ്റ്റിനോട് സാമ്യമുള്ളതും തുല്യതപാലിക്കുന്നതുമായ ഒന്നാണ് അത്. പക്ഷെ ടീമിലെടുക്കുന്നതിന് അതുമാത്രമായിരുന്നില്ല പ്രാധാന്യം. ഫിറ്റ്നസ്സിനൊപ്പംതന്നെ ഒരു കളിക്കാരന്റെ കഴിവും കണക്കിലെടുക്കുമായിരുന്നു.’ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി.

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് മൊഹമ്മദ് ഷമിയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് നഷ്ടമായത്. ജനുവരിയില്‍ ജോഹ്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റ് മത്സരത്തിനു ശേഷം ഒരു അന്താരാഷ്ട്രമത്സരം പോലും ഷമിയ്ക്ക് കളിക്കാനായിട്ടില്ല. എന്നാല്‍ യോ യോ ടെസ്റ്റില്‍ പാസ്സായതിനേ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഷമിയും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയുടെ പ്രകടനവും ക്രിക്കററ് നിരീക്ഷകര്‍ ഏറെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്. ധോണിയുടെ ടീമിലെ സ്ഥാനത്തിന് ഫിറ്റ്നസ്സും കഴിവും ഒരു മാനദണ്ഡമല്ല എന്ന തരത്തിലുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു.

ഐ പി എല്ലില്‍ നിറഞ്ഞാടിയ അമ്പാട്ടി റായിഡുവിനും മലയാളി താരം സഞ്ജുവിനും യോ യോ ടെസ്ററില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.ചെന്നൈയുടെ ഐപിഎല്‍ കിരീടധാരണത്തിന് നിര്‍ണായകമായത് റായിഡുവിന്റെ പ്രകടനമായിരുന്നു. 3 അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും സൂപ്പര്‍ കിംഗ്സിനായി നേടി അത്യുഗ്രന്‍ ഫോമിലായിരുന്നു താരം. എന്നാല്‍ യോ യോ ടെസ്റ്റെന്ന കടമ്പ മറികടക്കാന്‍ കഴിയാത്തതുമൂലം ഇന്ത്യ എ ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular