ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്…!!! അതെങ്ങനെ സാധ്യമാകുന്നുവെന്ന് അറിയില്ല; നസ്രിയയെ കുറിച്ച് മാലാ പാര്‍വ്വതി

പ്രേഷക ഹൃദയം കീഴടക്കി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിന്‍ എന്ന അനിയത്തിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളായ ജേഷ്ടനേയും അനിയത്തിയേയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നസിയയുടെയും പൃഥ്വിരാജിന്റെയും അമ്മയായി എത്തിയത് മാലാ പാര്‍വതിയായിരുന്നു. ചെറിയ വേഷമാണെങ്കിലും അഞ്ജലി മേനോന്റെ ചിത്രത്തില്‍ ചെയ്യുമെന്ന് പറഞ്ഞ മാലാ പാര്‍വതിക്ക് കിട്ടിയത് മികച്ച കഥാപാത്രം തന്നെയാണ്. സിനിമയെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും മാലാ പാര്‍വതി പറഞ്ഞത് ഇങ്ങനെ:

എട്ടോ ഒമ്പതോ വര്‍ഷം മുന്‍പാണ് ഞാന്‍ അഞ്ജലി മേനോനെ കാണുന്നത്. അന്ന് കണ്ട് ഒന്നു ചിരിച്ചു കാണും, അത്രേയുള്ളൂ. പക്ഷേ വായിച്ചും കണ്ടും കേട്ടുമറിഞ്ഞ അവരുടെ വ്യക്തിത്വത്തെയും പ്രതിഭയെയും അങ്ങേയറ്റം ഇഷ്ടമാണെനിക്ക്. അവരുടെ എല്ലാ സിനിമകളും പലവട്ടം കണ്ടിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അസാമാന്യമായ നിരീക്ഷണം, സത്യസന്ധത, എന്നിവയാണ് ആ സിനിമകളില്‍ നിഴലിക്കുന്നത്.

അതുകൊണ്ടുതന്നെ ഓരോ കാഴ്ചയിലും അതൊരു പുതിയ അനുഭവമാണ് സമ്മാനിക്കുക. ഞാന്‍ എപ്പോഴെങ്കിലും ഒരുപാട് മൂഡ് ഓഫ് ആകുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ കാണുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സും ഉസ്താദ് ഹോട്ടലും. മഞ്ചാടിക്കുരു എന്ന ചിത്രമാകട്ടെ, ഒരു മഴ നനയുന്ന അനുഭൂതിയും.

ബാംഗ്ലൂര്‍ ഡേയ്സ് പുറത്തിറങ്ങിയ സമയത്ത് അഭിനന്ദനം അറിയിച്ച് അഞ്ജലിക്ക് ഞാനൊരു സന്ദേശം അയച്ചിരുന്നു. താങ്ക്യു എന്നു മറുപടിയും വന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലിയുമായി സംസാരിക്കുന്നത്. ‘ഒരു കാര്യം പറയാനുണ്ട്’ എന്നു പറഞ്ഞ് സന്ദേശം അയച്ചു. എന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണോ എന്നു ചോദിച്ച് ഞാന്‍ മറുപടി കൊടുത്തു. അഞ്ജലി, ‘നമുക്ക് നോക്കാം, വൈകുന്നേരം വിളിക്കാം’ എന്നു പറഞ്ഞു.

വൈകുന്നേരം വിളിച്ചാണ് ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. എത്ര ചെറിയ വേഷമാണെങ്കിലും ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായിരുന്നു. എനിക്ക് അപ്പോഴും വിശ്വസിക്കാനേ സാധിച്ചിരുന്നില്ല. സിനിമ തുടങ്ങുമെന്നു പറഞ്ഞ സമയത്തേക്കാള്‍ കുറച്ചു വൈകിയാണ് ആരംഭിച്ചത്. ആ കാത്തിരിപ്പ് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി എത്തുകയും ചെയ്തു.

ലില്ലി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പഴയൊരു ക്രിസ്ത്യന്‍ കുടുംബത്തിലെ തീര്‍ത്തും സാധാരണക്കാരിയായ വീട്ടമ്മയാണു ലില്ലി. നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ കാണുന്ന പോലൊരു വീട്ടമ്മ. എല്ലാം നേര്‍രേഖയിലങ്ങു പോകണം എന്നു ചിന്തിക്കുന്ന ലില്ലി. മക്കള്‍, ഭര്‍ത്താവ്, കുടുംബം എന്നു ചിന്തിച്ചു ജീവിക്കുന്നൊരാള്‍.

പൃഥ്വിരാജിനോടൊപ്പമുള്ളതിനേക്കാള്‍ എനിക്ക് നസ്രിയയുമൊത്താണ് കോമ്പിനേഷന്‍ സീനുകളൊക്കെ. സെറ്റില്‍ തമാശയും കളിയുമൊക്കെയായി ഓടിനടക്കുന്നൊരു പെണ്‍കുട്ടിയാണ്. വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി, സെറ്റില്‍ തമാശയൊക്കെയായി ആള് പറന്നു നടക്കും. ഫുള്‍ തമാശയാണ് നസ്രിയ. പക്ഷേ ആക്ഷന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഞൊടിയിട കൊണ്ട് ആളാകെ മാറും.

ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്. അതെങ്ങനെ സാധ്യമാകുന്നുവെന്ന് അറിയില്ല. അതുമൊരു മാജിക് തന്നെയാണ്. ഞാന്‍ അഞ്ജലിയുടെ ചെറുപ്പകാലം കണ്ടിട്ടുമില്ല, അതിനെ കുറിച്ച് എങ്ങും വായിച്ച് അറിവുമില്ല. എങ്കിലും എനിക്കു തോന്നുന്നത് അഞ്ജലിയുടെ കുട്ടിക്കാലമാണ് നസ്രിയ എന്നാണ്. അവര്‍ തമ്മില്‍ അത്രമാത്രം ആത്മബന്ധമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular