അവസാനം ദുല്‍ഖറിന് പൂര്‍ണതൃപ്തി തരുന്ന തിരക്കഥയിലേയ്ക്ക് ഞങ്ങള്‍ എത്തി; ഞങ്ങള്‍ കഥ പറയുമ്പോള്‍ ആ ക്യൂവിലുണ്ടായിരുന്ന സംവിധായകരുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും: ബിബിന്‍ ജോര്‍ജ്

തിരക്കഥാകൃത്ത് സഹനടന്‍ എന്നീ റോളുകളില്‍ തിളങ്ങി വൈകല്യങ്ങളെ അതിജീവിച്ച് നായക വേഷത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. ‘ഒരു പഴയബോംബ് കഥ’ മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയല്ലെന്ന് ബിബിന്‍ പറഞ്ഞു. എന്തെങ്കിലും വൈകല്യം കൊണ്ട് മുന്‍നിരയിലേക്ക് വരാന്‍ മടി കാണിക്കുന്നവര്‍ക്കൊരു പ്രചോദനമാകണം ഈ സിനിമയെന്നാണ് വലിയൊരു ആഗ്രഹമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ബോംബ് കഥയുമായി ബിഞ്ചു ജോസഫും സുനില്‍ കര്‍മയും തന്നെ സമീപിച്ചതെന്നും അങ്ങനെയാണ് നായകനാകുന്നതെന്നും ബിബിന്‍ പറഞ്ഞു. ”ദുല്‍ഖര്‍ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതികൊണ്ടിരിക്കുന്ന സമയം, തലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ആ സമയത്ത് ബിഞ്ചു ജോസഫ്, സുനില്‍ കര്‍മ എന്നീ രണ്ട് പേര്‍ ഈ കഥയുമായി വരുന്നു. ബോംബ് കഥയുടെ കഥ കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അവരോട് ഞാന്‍ വിളിക്കാം എന്നുപറഞ്ഞു. സത്യത്തില്‍ ആ കഥ ഞാന്‍ ശ്രദ്ധിച്ച് കേട്ടുപോലുമില്ലായിരുന്നു. പെട്ടന്ന് സലീഷ് കരിക്കന്‍ എന്ന സുഹൃത്ത് എന്നോട് പറഞ്ഞു, നല്ല കഥയായിട്ടും എന്തിനാണ് പറഞ്ഞ് വിട്ടതെന്ന്. അങ്ങനെ അവരെ ഉടന്‍ തന്നെ വിളിച്ച് കഥ കേട്ടു. വീണ്ടും കഥ കേട്ടപ്പോഴാണ് ഇത്രയും നല്ല കഥയാണല്ലോ എന്ന് എനിക്കും തോന്നിയത്”, ബിബന്‍ പറഞ്ഞു.

ഷാഫി സാര്‍ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. എന്റെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെങ്കില്‍ അതിന് കാരണം ഷാഫി സാര്‍ ആണ്. ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളിയും ഒരുപാട് സഹായിച്ചു. സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ മുഴുവന്‍ എനിക്ക് പൂര്‍ണപിന്തുണ തന്നു. ഡാന്‍സ് ചെയ്യുമ്പോള്‍ കാലിന് നീരൊക്കെ വന്നിരുന്നു. അവരുടെയൊക്കെ സ്നേഹത്തിന്റെ പുറത്താണ് ഈ സിനിമ ഞാന്‍ ചെയ്ത് തീര്‍ത്തത് തന്നെ. ഷൂട്ടിങ് നടന്ന കോതമംഗലം സ്ഥലത്തെ നാട്ടുകാരും ഒരുപാട് സഹായിച്ചു.

ഇന്ത്യയില്‍ തന്നെയുള്ള പ്രഗല്‍ഭരാണ് ദുല്‍ഖറിനരികില്‍ കഥ പറയാന്‍ നില്‍ക്കുന്നത്. ഞങ്ങള്‍ കഥ പറയുമ്പോള്‍ തന്നെ ആ ക്യൂവിലുണ്ടായിരുന്ന സംവിധായകരുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. അതിനിടെയാണ് യമണ്ടന്‍ പ്രേമകഥയുടെ കഥയുമായി ചെല്ലുന്നത്. ചെന്നു, കഥ പറഞ്ഞു. ദുല്‍ഖര്‍ ഞങ്ങളുടെ ടൈപ്പ് ഓഫ് സിനിമകള്‍ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു സംശയം ഉണ്ടായിരുന്നു. കഥയില്‍ കുറച്ച് നിര്‍ദേശങ്ങള്‍ അദ്ദേഹം പറഞ്ഞു, ഞങ്ങള്‍ക്കും തോന്നി അങ്ങനെ എന്തുകൊണ്ട് ചിന്തിച്ചില്ലെന്ന്. അങ്ങനെ രണ്ട് മൂന്നുമാസം വീണ്ടും ആ തിരക്കഥയില്‍ വര്‍ക്ക് ചെയ്തു. അവസാനം ദുല്‍ഖറിന് പൂര്‍ണതൃപ്തി തരുന്ന തിരക്കഥയിലേയ്ക്ക് ഞങ്ങള്‍ എത്തി. ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സാധാരണക്കാര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ദുല്‍ഖറിനെ ഈ സിനിമയില്‍ കാണാം. ബി.സി നൗഫല്‍ എന്ന ആളാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ മുമ്പേ അദ്ദേഹവുമായി പരിചയമുണ്ട്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് വയ്യെന്ന കാര്യം തിരിച്ചറിയുന്നത്. അതും വേറൊരു കുട്ടിയുടെ വായില്‍ നിന്ന്. ഞാന്‍ കളിയാക്കിയപ്പോള്‍ ആ കുട്ടി തിരിച്ച് കളിയാക്കിയതാണ്. അവന്റെ വാക്കുകേട്ടപ്പോള്‍ എനിക്ക് എന്തോപോലെ ആയി. സത്യത്തില്‍ ആ സമയത്തൊന്നും എന്റെ വയ്യായ്കയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ മറ്റൊരാള്‍ കളിയാക്കിയപ്പോള്‍ വളരെ വിഷമമുണ്ടായി. വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞപ്പോള്‍, അതൊന്നും നീ കാര്യമായി എടുക്കേണ്ടെന്ന് പറയുകയും ചെയ്തു.

കാലില്‍ പണ്ട് ഷൂ ഉപയോഗിക്കുമായിരുന്നു. വളരെ വേദന തോന്നിയിരുന്നതിനാല്‍ എടുത്ത് കളയാന്‍ എന്റെ അച്ഛന്‍ തന്നെയാണ് പറഞ്ഞത്. അങ്ങനെ എന്തുകാര്യത്തിനും എന്നെ സഹായിക്കുന്ന അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് ഉണ്ടായിരുന്നത്.ചേച്ചിമാരും അങ്ങനെ തന്നെ. കല്യാണപരിപാടികള്‍ക്കും മറ്റും എന്നെക്കൊണ്ട് പാട്ട് പാടിപ്പിക്കുക, ഡാന്‍സ് ചെയ്യിപ്പിക്കുക അങ്ങനെ പോസീറ്റിവ് ആയ കാര്യങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.

മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ അത് മനസ്സില്‍ വെക്കാറുണ്ടായിരുന്നു. വാശിയും ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് എന്റെ ജീവിതശൈലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വൈകല്യം മറക്കാന്‍ തുടങ്ങി. നല്ല കൂട്ടുകാരെ കിട്ടി. അവരിലൊരാളായി. മനസ്സുകൊണ്ട് തന്നെ സാധാരണമനുഷ്യനായി മാറി. ഇപ്പോള്‍ കളിയാക്കാന്‍ വരുന്നവരോട് ‘ഒന്ന് പോടാപ്പാ’ എന്ന് തിരിച്ച് പറയാന്‍ കഴിയും.

ചിലപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് ഒറ്റപ്പെടാറുണ്ട്. ചെറുപ്പകാലം ഓര്‍മ വരും. ഈ സിനിമയിലെ പാട്ടുരംഗം ഷൂട്ട് ചെയ്യുന്നതിനിടെ പണ്ടത്തെ പരിഹാസം ഓര്‍മ വന്നു. പെട്ടന്ന് കരഞ്ഞു. ഉടനെ എല്ലാവരും ഓടിയെത്തി. ഷാഫി സാര്‍ ആശ്വസിപ്പിച്ചു. പക്ഷേ പാട്ട് രംഗം ഷൂട്ട് ചെയ്യാതെ പറ്റില്ലെന്ന് പറഞ്ഞു. വീണ്ടും ചെയ്തു, പിന്നീട് ഒരിക്കലും എനിക്ക് തെറ്റും പറ്റിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular