ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത്; കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല.2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം തേടി.

കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular