സത്യന്‍ അന്തിക്കാട്- ഫഹദ് ചിത്രത്തിന് പേരിട്ടു; ‘ഞാന്‍ പ്രകാശന്‍’ ഫഹദ് എത്തുന്നത് ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവായി

സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രത്തിന് ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞാന്‍ പ്രകാശന്‍ എന്ന നാടന്‍ ടച്ചുള്ള പേര് പ്രഖ്യാപിച്ചത്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍ അന്തിക്കാട് പ്രകാശനെക്കുറിച്ച് വിശദീകരിച്ചത്. പ്രകാശനാണ് ഈ കഥയുടെ ജീവനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. . മുന്‍പ് ചിത്രത്തിന് മലയാളി എന്ന് പേരിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരിന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ പേര്. നിഖില വിമലാണ് നായികയായി എത്തുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രകാശനും സലോമിയും ഗോപാല്‍ജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതല്‍ അവര്‍ക്ക് ജീവന്‍ വെച്ചു തുടങ്ങുകയാണ്. എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാല്‍ജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവന്‍. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ തന്റെ പേര് ‘പി.ആര്‍.ആകാശ് ‘ എന്ന് പരിഷ്‌കരിച്ചിരുന്നു. ഞങ്ങള്‍ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് ‘ഞാന്‍ പ്രകാശന്‍’ എന്ന് പേരിടുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങള്‍ ഇനി ക്യാമറയില്‍ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

‘ഞാന്‍ പ്രകാശന്‍’ ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular