ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീമാര്‍…!!! പലരും പിന്നീട് വിവാഹിതരായി

കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും വിവാഹിതരായെന്നും റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതിനിടയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന നീന റോസ് എന്ന സിസ്റ്ററും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയിരുന്നതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സിസ്റ്റര്‍ നീനയുടെ ബന്ധുവായ വെദികനുമായി ചേര്‍ന്ന് ഉജ്ജയിനി ബിഷപ് സെബാസ്റ്റിയന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്ജയിനി ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്. അതിന്മേലും നടപടിയുണ്ടായില്ല.

ബിഷപ് ഫ്രാങ്കോയ്ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളായി ഇത് മാറുകയാണ്. ഇന്ന് എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. മദറിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിട്ടും നടപടി വരാതിരിക്കുകയും പരസ്യമായി താന്‍ അപമാനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നാണ് കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്.

മഠത്തില്‍ എത്തിയാല്‍ ബിഷപ്പിന്റെ ചെയ്തികള്‍ പുറത്ത് പറയാന്‍ പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നെന്നാണ് കന്യാസ്ത്രീ മദറിന് നല്‍കിയതെന്ന രീതിയില്‍ പുറത്തു വന്ന കത്തില്‍ പറഞ്ഞിരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ കന്യാസ്ത്രീകളെ ബിഷപ്പ് നിര്‍ബ്ബന്ധിച്ചിരുന്നതായും അല്ലാത്തവരെ മാനസീക പീഡനത്തിന് ഇരയാക്കിയിരുന്നതായുമാണ് റിപ്പോര്‍ട്ട്. ബിഷപ്പ് അര്‍ദ്ധരാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് പുറത്ത് പറയാന്‍ കഴിയാത്ത രീതിയില്‍ ലൈംഗികചുവയുള്ള സംസാരം നടത്തിയിരുന്നതായും അശ്ശീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും കന്യാസ്ത്രീ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ പീഡനം നടന്നതായി കന്യാസ്ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫോണ്‍ കമ്പനികളോട് ഉത്തരവിട്ടു.

ഫോണ്‍വിളികള്‍ കേസില്‍ വലിയ തെളിവായി മാറുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൊെബെല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പോലീസ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തെ ഫോണ്‍ രേഖകള്‍ മാത്രമാണ് മൊബൈല്‍ സേവനദാതാക്കള്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ബിഷപ്പും കന്യാസ്ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിനു നല്‍കണമെന്നാണ് ഉത്തരവ്.

Similar Articles

Comments

Advertismentspot_img

Most Popular