ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കൊച്ചി: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലെയും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിവിധ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമുള്ള പ്രവര്‍ത്തി ദിവസത്തിന്റെ തീയതി പിന്നീട് അറിയിക്കും.

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍വാടികള്‍ക്ക് അവധിയായിരിക്കുമെങ്കിലും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം വരാതിരിക്കാന്‍ ഐസിഡിഎസ് ശ്രദ്ധിക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ട്.

ആലപ്പുഴയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണ്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി നല്‍കിയിരിക്കുന്നത്. കാര്‍ത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകളിലാണ് അവധി. ചെങ്ങന്നൂരില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

മഹാത്മാഗാന്ധി സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ജൂലൈ 16,17 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോഴിക്കോട് സര്‍വ്വകലാശാലയും ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ പ്ലസ് ടു തലം വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ (ചൊവ്വാഴ്ച്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്‌റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.

സ്‌കൂളുകളുടെ പകരം പ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കും. കോളേജുകളില്‍ ഇതുവരെ നല്‍കിയ അവധികള്‍ക്ക് പകരം പ്രവൃത്തിദിനം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ക്ക് തീരുമാനമെടുക്കാനും കളക്ടര്‍ അനുമതി നല്‍കി. അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കും.

ഇടുക്കി ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular