കാലവര്‍ഷ കെടുതിയില്‍ നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി , ജില്ലാ കലക്ടര്‍മാര്‍ക്ക് ജഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കലക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അടിയന്തര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

എറണാകുളം ജില്ലയില്‍ 12 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 284 കുടുംബങ്ങളിലെ 1007 പേരാണ് ക്യാമ്പുകളിലുള്ളത്. ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകള്‍ നശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ഹെവി പമ്പുകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ആലപ്പുഴയില്‍ കൃഷി വകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 146 പേര്‍ കഴിയുന്നു. 49 വീടുകള്‍ ഭാഗികമായും രണ്ടെണ്ണം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ജില്ലയില്‍ 32 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാമ്പുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് തോടുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഇവിടെ കഴിഞ്ഞിരുന്നവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular