കനത്ത മഴ, കാറ്റ്; മധ്യകേരളം വെളത്തിലായി; റെയില്‍, റോഡ് ഗതാഗതം താറുമാറായി; ഇന്ന് മരണം അഞ്ച്

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ ജനങ്ങള്‍ ദുരിതത്തിലായി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഗതാഗത തടസവും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായി അഞ്ചുപേര്‍ ഇന്ന് മരിച്ചു. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു. ഇതോടെ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. കനത്ത കാറ്റും മഴയുമാണ് ഈ ജില്ലകളില്‍ അനുഭവപ്പെടുന്നത്.

കോട്ടയം ചെറുവള്ളി സ്വദേശി ശിവന്‍ (50), കണ്ണൂര്‍ കരിയാട് പാര്‍ത്തുലയത്ത് നാണി, എറണാകുളം മണികണ്ഠന്‍ചാല്‍ സ്വദേി ടോമി (55), മലപ്പുറം കിഴിഞ്ഞാലില്‍ അബ്ദുല്‍ റഹീമിന്റ മകന്‍ അദ്‌നാന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. ഇവര്‍ക്കുപുറമെ വയനാട്ടില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം ഇന്ന് കണ്ടെത്തി.

ചെറുവള്ളി സ്വദേശി ശിവന്‍ മണിമലയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു. പാര്‍ത്തുലയത്ത് നാണി ഒഴുക്കില്‍ പെട്ടും അദ്‌നാന്‍ കുളത്തില്‍ വീണും മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് ടോമി മരിച്ചത്.

കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായി. ട്രാക്കില്‍ വെള്ളം കയറി ട്രയിന്‍ ഗതാഗതം താറുമാറായി. പല ആദിവാസ ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. തീരമേഖലയില്‍ കടലാക്രമണവും ശക്തമായിട്ടുണ്ട്.

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരംകൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.

കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.

Similar Articles

Comments

Advertismentspot_img

Most Popular