ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാര്‍; 4-2ന് ക്രൊയേഷ്യയെ തകര്‍ത്തു

മോസ്‌കോ: ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി വീണ്ടും ഫ്രാന്‍സ്. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2–-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടക്കം.
ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിന്‍ ഗ്രീസ്മന്‍ (38, പെനല്‍റ്റി), പോള്‍ പോഗ്ബ (59), കിലിയന്‍ എംബപെ (65) എന്നിവര്‍ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകള്‍ ഇവാന്‍ പെരിസിച്ച് (28), മരിയോ മാന്‍സൂക്കിച്ച് (69) എന്നിവര്‍ നേടി.

1958 ലോകകപ്പിനുശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകള്‍ പിറക്കുന്നതും ആദ്യം. മല്‍സരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിനും സ്വന്തം.

Similar Articles

Comments

Advertismentspot_img

Most Popular