സി.പി.എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനാറുകാരിയ്ക്ക് പൊള്ളലേറ്റു

മലപ്പുറം: തിരൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനു തീയിട്ടു. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനാറുവയസുകാരിക്ക് പൊള്ളലേറ്റു. കുറിയന്റെ പുരയ്ക്കല്‍ സൈനുദ്ദീന്റെ വീടിനുനേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമികള്‍ വീടിന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സൈനുദ്ദീന്റെ മകള്‍ക്കാണ് പൊള്ളലേറ്റത്. 30% പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലത്തു പായയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സൈനുദ്ദീന്റെ മകള്‍. പായയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയ്ക്ക് പൊള്ളലേറ്റത്. സംഭവ സമയത്ത് സൈനുദ്ദീനും വീട്ടിലുണ്ടായിരുന്നു.

സി.പി.ഐ.എം ലീഗ് സംഘര്‍ഷം ഏറെ ഉണ്ടായിരുന്ന മേഖലയായിരുന്നു കൂട്ടായി. ഇതേത്തുടര്‍ന്ന് ഇരുവിഭാഗത്തിലെയും നേതൃത്വം ഇടപെട്ട് സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കപ്പെട്ടത്. നേരത്തെ സി.പി.ഐ.എം- ലീഗ് സംഘര്‍ഷ സമയത്തും സൈനുദ്ദീന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. വീട്ടില്‍ മോഷം നടക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

SHARE