ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ ഗാനമെത്തി.. (വീഡിയോ)

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കന്ന കര്‍വാനിലെ പുതിയ ഗാനമെത്തി. ‘ഹാര്‍ട്ട് ക്വെയ്ക്ക്’ എന്ന മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷ് ഖുറാനെയുടെതാണ് വരികള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മിഥില പല്‍ക്കറാണ് നായികയായി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ക്ക് ഈ ഗാനം തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നാണ് പലരുടെയും അവകാശവാദം. പപോന്റെ മനോഹരമായ ശബ്ദത്തെയും ആരാധകര്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഛോട്ടാസാ ഫസാന എന്ന ഗാനവും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മൂന്ന് പേര്‍ ചേര്‍ന്ന് ഒരു യാത്ര പോകുന്നതും യാത്രാ മധ്യേ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഊട്ടിയിലും കേരളത്തിലുമായാണ് കര്‍വാന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്‌ക്രൂവാലയാണ് നിര്‍മ്മാണം. ആഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.

SHARE