അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍; പിടിയിലായത് മറ്റൊരു കേസുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍. ആലുവ സ്വദേശി അനസി(27)നെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് വലിയ തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ എ.ഡി.പി.എയുമായി ബന്ധപ്പെട്ട കേസുകളില്‍ അനസിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പൊലീസിന് കൈമാറും.

അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. വാഴക്കാട് പൊലീസും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമാണിത്.

അതേസമയം, കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പ്രതികളെ പിടിച്ച ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കേസില്‍ 11 പേരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രതികളെ എത്രയും വേഗം പിടിക്കാനാണ് പൊലീസിന്റെ ശ്രമം.

പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലിലുള്ളവരെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ മാത്രമായിരിക്കും വിശദമായി ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular