യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു; പ്രതിയ്ക്കായി അന്വേഷണം വ്യാപിപിച്ചു

കോഴിക്കോട്: യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെയായിരുന്നു സംഭവം.

സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി വിതറിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെ സജി കുരുവിള കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം നടന്നത്. ഈ സമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി.റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രയിലെത്തിച്ചു.

പണമിടപാട് സ്ഥാപനത്തിനകത്തും തീ പടര്‍ന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചുവന്ന ടീഷര്‍ട്ട് ധരിച്ച് ബൈക്കിലെത്തിയ ആളാണ് അക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്ന് കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിന്‍ഭാഗത്തായി കണ്ടെത്തി.

രണ്ട് ദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് ഒരള്‍ എത്തിയിരുന്നു. ഈട് ഹാജരാക്കാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇയാളാണ് അക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പൊലീസ് അറിയിച്ചു. ഈ വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചു.

Similar Articles

Comments

Advertismentspot_img

Most Popular