തെരഞ്ഞെടുപ്പ് റാലിക്കിടെ പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍: 70 പേര്‍ മരിച്ചു

കറാച്ചി: പാകിസ്താനില്‍ രണ്ട് സ്‌ഫോടനങ്ങളായി 70 പേര്‍ മരിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളിലാണ് സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 80 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ സ്‌ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.

എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരവാദം അടിച്ചമര്‍ത്തിയെന്ന് പാക് സര്‍ക്കാരും സൈന്യവും അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്.

നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്യാന്‍ നീങ്ങുന്നതിനു മുന്നോടിയായാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ലണ്ടനില്‍നിന്ന് വെള്ളിയാഴ്ച വൈകുന്നേരം തിരികെയെത്തുന്ന പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരികെ എത്തുമ്പോള്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്

വെള്ളിയാഴ്ച വൈകുന്നേരം 6.16 ഓടെയാണ് ഇരുവരും ലാഹോര്‍ വിമാനത്താവളത്തിലെത്തുക. അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ടുവര്‍ഷം തടവുമാണ് വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫഌറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.

ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തുനിന്നാണ് ഷെരീഫും മറിയവും പാകിസ്താനിലേക്ക് മടങ്ങിവരുന്നത്. ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. ശേഷം ഹെലികോപ്ടര്‍ മാര്‍ഗം ഇരുവരെയും ഇസ്ലാമാബാദില്‍ എത്തിക്കും. തുടര്‍ന്ന് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലിലാക്കുമെന്ന് പാകിസ്താന്‍ പത്രമായ ദി ഡോണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

ആയിരക്കണക്കിന് പോലീസുകാരെയാണ് ലാഹോറില്‍ വിന്യസിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നുമണിക്കു ശേഷം രാത്രി 11 മണിവരെ മൊബൈല്‍ ഫോണ്‍ സേവനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഷെരീഫിന്റെ അനുയായികള്‍ വിമാനത്താവളത്തിനു പരിസരത്ത് പിന്തുണയുമായി എത്തിയേക്കുമെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular