രാജവിന്റെ മകന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് മലയാളക്കര

കൊച്ചി:പ്രണവ് മോഹന്‍ലാലിന് ഇന്ന് 28 വയസ്സ് തികയും. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെയും സുചിത്രയുടേയും മൂത്ത മകനായി 1990 ജൂലൈ 13ന് തിരുവനന്തപുരത്താണ് പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പു ജനിക്കുന്നത്. ഊട്ടിയിലെ സ്‌കൂളിലും ഓസ്‌ട്രേലിയയിലെ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രണവ് ഇപ്പോള്‍ സിനിമയില്‍ അഭിനേതാവായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

‘ആദി’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച പ്രണവിന്റെ അടുത്ത ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ അണിയറയില്‍ ഒരുങ്ങുന്നു. മലയാളം ഏറെക്കാലമായി കാത്തിരുന്ന താരപുത്രന്റെ അഭിനയ പ്രവേശത്തിനു വലിയ വരവേല്‍പാണ് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു.

ഈ ചിത്രത്തിന് ശേഷമുള്ള പ്രണവിന്റെ സിനിമകളാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്നിവ. ഇതില്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു കഴിഞ്ഞ ദിവസം തുടക്കമായി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കു വയ്ക്കുകയും ചെയ്തു.

മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് എത്തുമ്പോള്‍ അത് ഒരു ഡോണിന്റെ കഥയല്ല എന്നും പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂവെന്നത് എടുത്തു പറയേണ്ടതാണ്.

ചിത്രത്തിന്റെ പൂജ വേളയില്‍ മോഹന്‍ലാല്‍, ഭാര്യ സുചിത്ര എന്നിവരും പങ്കെടുത്തിരുന്നു. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ അഭിനന്ദന്‍ രാമാനുജന്‍. സംഗീതം ഗോപി സുന്ദറിന്റേതാണ്. എഡിറ്റിങ് വിവേക് ഹര്‍ഷനാണ്.മോഹന്‍ലാലിന്റെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയതെങ്കിലും ഒറ്റ ചിത്രം കൊണ്ട് തന്നെ അഭിനയത്തില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ ഈ ചെറുപ്പക്കാരന് സാധിച്ചിട്ടുണ്ട്. പ്രണവിന്റെ രണ്ടാം ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും, നിര്‍മ്മാതാവിന്റെ കൊച്ചു മകനായിട്ടും അഭിനയത്തില്‍ താത്പര്യം കാണിക്കാതിരുന്ന പ്രണവ്, ജീത്തു ജോസഫിന്റെ സഹസംവിധായകനായിട്ടാണ് സിനിമയില്‍ എത്തുന്നത്. അവിടെ നിന്നാണ് ‘ആദി’ എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. ചിത്രീകരണ സമയത്തും, സിനിമ റിലീസിന് ശേഷവുമെല്ലാം പ്രണവ് മാധ്യമങ്ങളോട് ഇടപെടുന്നതില്‍ നിന്നും വിട്ടു നിന്നു.

ഒടുവില്‍ ‘ആദി’യുടെ 100-ാം ദിനം ആഘോഷിക്കുന്ന വേളയിലാണ് ആദ്യമായി പ്രേക്ഷകരോട് സംസാരിച്ചത്. തന്റെ മുഖം രണ്ടര മണിക്കൂര്‍ സഹിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഓരോരുത്തരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മാത്രമായി പോവും ഈ ചടങ്ങെന്നും പ്രണവ് പറഞ്ഞു. തങ്ങളുടെ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്കും പ്രണവ് നന്ദി പറഞ്ഞു.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരക്കാര്‍; അറബിക്കടലിന്റെ സിംഹം’. ചിത്രത്തില്‍ ഒന്നാമന്‍ കുഞ്ഞാലി മരയ്ക്കാറായി അഭിനയിക്കുന്നത് നടന്‍ മധു. കുട്ട്യാലി മരക്കാര്‍ എന്ന കഥാപാത്രത്തെയാകും മധു അവതരിപ്പിക്കുക. മധു കൂടാതെ പ്രണവ് മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

SHARE