പിണറായി ഒരു അഭിനേതാവല്ല… അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സ്‌നേഹമെന്ന് കമല്‍ ഹാസന്‍; മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നിലെന്നും താരം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കമല്‍ ഹാസന്‍. പിണറായി ഒരു അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സ്നേഹമെന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍. അതുമാത്രമല്ല, മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നിലെന്നും താരം പറയുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായി ആശയസംവാദം നടത്തുകയായിരുന്നു അദ്ദേഹം.

പലരും കാണുമ്പോള്‍ ചോദിക്കാറുണ്ട് നിങ്ങള്‍ ലെഫ്റ്റാണല്ലേ? അല്ലാ, ഞാന്‍ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനര്‍ഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ആ സ്ഥാനത്തു നില്‍ക്കുന്നത്. അവിടെ നിന്നാലറിയാം ഏതാണു ശരിയെന്നും തെറ്റെന്നും.- കമല്‍ഹാസന്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ആലോചനയിലുണ്ട്. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിലപാടെടുക്കും. മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതും ആലോചനയിലുണ്ടെന്നും താരം പറയുന്നു. ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നെന്നും ചര്‍ച്ചചെയ്തുവേണമായിരുന്നു എ.എം.എം.എ ദിലീപിനെ തിരിച്ചെടുക്കാനെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സൂപ്പര്‍ താരങ്ങളെന്ന വിശേഷണം തന്നെ സ്വാതന്ത്ര്യമെന്ന ആശയത്തിനെതിരാണ്. നിലവിലെ പരിതസ്ഥിതിയാണ് കലാകാരനില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനുള്ള തീരുമാനത്തിന് പിന്നില്‍. തമിഴ്നാടിന് വേണ്ടി പ്രവര്‍ത്തിച്ചാലും അതിന്റെ പ്രതിഫലനം രാജ്യത്ത് മുഴുവനുണ്ടാകുമെന്നും കമല്‍ഹാസന്‍ പറയുന്നു.

ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണ് താന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യസര്‍ക്കാരിന്റെ അടിത്തറ. വാണിജ്യതാത്പര്യങ്ങള്‍ക്കുവേണ്ടി വ്യക്തിസ്വാതന്ത്ര്യം അടിയറവുവെക്കാന്‍ കഴിയില്ല. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഒരു പൗരനെന്ന നിലയിലാണു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഏറ്റവും യോഗ്യനാണ് അക്കാര്യത്തില്‍ ഞാനെന്നു കരുതുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്.

ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കാനാണു സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാല്‍ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തില്‍. ഇതു കുട്ടികള്‍ക്ക് അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് എന്ന സര്‍ട്ടിഫിക്കറ്റ് മതി. കട്ടുകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിരുദ്ധത എന്നത് എല്ലായിടത്തും കേള്‍ക്കുന്നു. എന്നാല്‍ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതെല്ലാം അങ്ങനെയാവുകയാണ്.
രാജ്യത്തെ, എന്റെ സംസ്ഥാനത്തെ പൗരനാണ് ഞാന്‍. ജന്മനാട് എന്ന നിലയില്‍ തമിഴ്‌നാടിനു വേണ്ടി ആദ്യം ചെയ്യണം. പിന്നീട് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും.

മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഞാന്‍ ജനങ്ങളോടാണു സംസാരിക്കുന്നത്. 63 വയസ്സായി. എന്റെ കയ്യിലുള്ള സമയം കുറവാണ്. അത് ജനങ്ങള്‍ക്കറിയാം. മക്കള്‍ നീതി മയ്യത്തിലുള്ളവര്‍ക്കും അതറിയാം.- കമല്‍ഹാസന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular