‘മാപ്പുനല്‍കുക…നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്’ മോഷണ മുതല്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍ ‘മാതൃക’യായി

അമ്പലപ്പുഴ: മോഷണ മുതല്‍ കള്ളന്‍ ഉടമയ്ക്ക് തിരികെ നല്‍കി, കൂടെയൊരു കുറിപ്പും. ‘മാപ്പുനല്‍കുക…നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല…’ ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ നല്‍കിയത്.

ചൊവ്വാഴ്ചയാണ് തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്വരസുധയില്‍ മധുകുമാര്‍ കുടുംബസമേതം കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോയത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പിറ്റേന്ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിഞ്ഞനിലയില്‍ കണ്ടു. അലമാര കുത്തിത്തുറന്ന് മധുകുമാറിന്റെ ഭാര്യ റീനയുടെ മോതിരവും കമ്മലും ലോക്കറ്റുമുള്‍പ്പെടെ ഒന്നര പവനാണ് മോഷ്ടിച്ചത്.

മധുകുമാറിന്റെ വീടിന്റെ ഗേറ്റില്‍ വ്യാഴാഴ്ചയാണ് കള്ളന്റെ കുമ്പസാര കത്ത് കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞദിവസം വീട്ടില്‍നിന്ന് മോഷണംപോയ ഒന്നര പവന്റെ ആഭരണങ്ങളുമുണ്ടായിരുന്നു.

അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പും നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണം ഒരുഗ്രാംപോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളന്‍ വീട്ടുമുറ്റത്തെത്തിച്ചത്. കളവുപോയ മുതല്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം പരാതി പിന്‍വലിച്ചു.

SHARE