നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി!!! തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.

ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വ്യത്യാസത്തിലായിരുന്നു. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27,000 അടി ഉയരത്തില്‍ തൊട്ടടുത്തു വന്നത്. രണ്ട് വിമാനങ്ങളിലുമായി മലയാളികടക്കം 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കോയമ്പത്തൂര്‍ ഹൈദരാബാദ് (6E-779), ബെംഗളൂരു-കൊച്ചി (6E-6505) റൂട്ടുകളില്‍ സര്‍വീസ് നടത്തുകയായിരുന്നു വിമാനങ്ങള്‍. മുഖാമുഖം വളരെ വേഗത്തില്‍ വന്ന രണ്ടു വിമാനങ്ങളും തമ്മില്‍ 200 അടി ഉയര വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എട്ടു കിലോമീറ്റര്‍ അകലെ ദുരന്തം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

ബംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്. കോയമ്പത്തൂര്‍- ഹൈദരാബാദ് വിമാനത്തിനോടു 36,000 അടി ഉയരത്തിലേക്കും ബെംഗളൂരു -കൊച്ചി വിമാനത്തിനോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് അപകടം മുന്നില്‍കണ്ടത്. കോയമ്പത്തൂര്‍ ഹൈദരാബാദ് വിമാനം 27,300 അടിയിലും ബെംഗളൂരു- കൊച്ചി വിമാനം 27,500 അടിയിലും മുഖാമുഖം വന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം 200 അടിയിലേക്ക് ചെറുതായി.

അതിവേഗത്തില്‍ മുന്നേറുന്ന വിമാനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യത തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ മനസ്സാന്നിധ്യം കൈവിടാതെ ഇടപെടുകയായിരുന്നു. ഈ രണ്ടു വിമാനത്തിലും ടിസിഎഎസ് (ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) സംവിധാനം ഉണ്ടായിരുന്നെന്നു പറഞ്ഞ കമ്പനി, ആകാശപാതയില്‍ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് (എഎഐബി) അന്വേഷണം ആരംഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular