‘ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ് എന്ന് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു’

കൊച്ചി:കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം നീരാളി നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. 2018ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം, 35 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും നദിയാ മൊയ്തുവും ഒന്നിക്കുന്ന ചിത്രം, മോഹന്‍ലാല്‍ പാടിയഭിനയിക്കുന്ന ചിത്രം, ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ ആദ്യ ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് നീരാളിക്ക്.

ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി മോഹന്‍ലാലും നീരാളിയിലെ മറ്റൊരു നായികയായ പാര്‍വ്വതി നായരും ഫെയ്സ്ബുക്ക് ലൈവില്‍ നടത്തിയ സംഭാഷണം രസകരമായിരുന്നു. സംഭാഷണത്തിനിടെ പാര്‍വ്വതി മോഹന്‍ലാലിനോട് വളരെ കൗതുകകരമായ ഒരു ചോദ്യം ചോദിച്ചു.
”ആരാണ് ലാലേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട നായിക?”

ഇതിന് മോഹന്‍ലാല്‍ ഒരു കിടിലന്‍ മറുപടി നല്‍കി. ”ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശോഭനയ്ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ച എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി ഏറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്. ഏറ്റവും മനോഹരിയായ നായികയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു,” മോഹന്‍ലാല്‍ പറഞ്ഞു.

സാജു തോമസാണ് നീരാളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.

മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Neerali release

Posted by Mohanlal on Thursday, July 12, 2018

SHARE