കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസ്: ഒരു വൈദികന്‍ അറസ്റ്റില്‍, മറ്റു രണ്ടു വൈദികര്‍ സുപ്രീംകോടതിയിലേക്ക്

കൊല്ലം: കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ ഒരു വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലത്ത് വച്ച് പിടിയിലായ കേസിലെ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യൂവിനെ ഇന്ന് വൈകീട്ട് തിരുവല്ല കോടതിയില്‍ ഹാജരാക്കും. ഇതിനിടെ, വൈദികനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസും ഫാ ജെയ്സ് കെ ജോര്‍ജ് എന്നിവര്‍ കീഴടങ്ങില്ല. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ലൈംഗീക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ ജോബ് മാത്യൂ കീഴടങ്ങിയത്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചത് ഫാം ജോബ് മാത്യൂവാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു.കീഴടങ്ങാന്‍ താന്‍ തയ്യാറെന്ന് ജോബ് മാത്യൂ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്.

വൈദികരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുളളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ്രൈകംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകായിരുന്നു.

SHARE