അഭിമന്യൂ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍; പിടിയിലായത് ആസൂത്രകനും കായിക പരിശീലകനും

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു. കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചത് കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിരുന്നു.

പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാന്‍ മുഹമ്മദ് പിടിയിലാകണം.

അഭിമന്യുവിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ഥിയായ മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular