കന്നി ഫൈനല്‍ കളിക്കാന്‍ ക്രൊയേഷ്യ; ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

മോസ്‌കോ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. എക്സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (68), എക്സ്ട്രാ ടൈമില്‍ മരിയോ മാന്‍സൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.

അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനായിരുന്നു.

ആവേശം അലതല്ലിയ പോരാട്ടത്തില്‍ അഞ്ചാം മിനിറ്റില്‍ത്തന്നെ മുന്നില്‍ക്കയറി നേടിയ മുന്‍തൂക്കം കളഞ്ഞുകുളിച്ചാണ് ഗാരത് സൗത്ഗേറ്റിന്റെ കുട്ടികള്‍ തോല്‍വി വഴങ്ങിയത്. തുടക്കം പിഴച്ചെങ്കിലും മിഡ്ഫീല്‍ഡ് ജനറല്‍മാരായ ലൂക്കാ മോഡ്രിച്ച്-ഇവാന്‍ റാക്കിട്ടിച്ച് സഖ്യത്തിന്റെ കരുത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്-മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഗോളുകള്‍ നേടിയതും ഇവര്‍ തന്നെ.

എക്സ്ട്രാ ടൈമില്‍ ഗോളെന്നുറപ്പിച്ച ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡര്‍ ഗോള്‍ലൈനിനരികില്‍ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാല്‍കോയുടെ പ്രകടനത്തിനും നല്‍കണം കയ്യടി. ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ നീട്ടിയ കൈകള്‍ക്കപ്പുറത്തുകൂടി വലയിലേക്ക് നീങ്ങിയ പന്താണ് വ്രസാല്‍കോ രക്ഷപ്പെടുത്തിയത്. പെരിസിച്ച് നേടിയ ആദ്യഗോളിന് പന്തെത്തിച്ചതും വ്രസാല്‍കോ തന്നെ. 1998ല്‍ ആദ്യ ലോകകപ്പില്‍ സെമിയില്‍ തോറ്റെങ്കിലും മൂന്നാം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഒരു മല്‍സരമകലെ കാത്തിരിക്കുന്നത്.

SHARE