തായ്ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡന്‍ ചിത്രം

ബാങ്കോക്ക് : ലോകം ആകാംക്ഷയോടെയും പ്രാര്‍ത്ഥനയോടെയും ശ്രവിച്ച തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവര്‍ത്തനം അഭ്രപാളിയിലേക്ക്. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്ലിക്സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകര്‍ത്തുന്നത്. സമയത്തോടും കാലാവസ്ഥയോടും പരിതസ്ഥിതിയോടും മല്ലടിച്ച്, ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച നടപടി ലോകത്തിന്റെ മൊത്തം അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന്റെ ഈ താത്പര്യം സിനിമയെയും തുണയ്ക്കുമെന്നാണ് സ്‌കോട്ടിന്റെയും സഹനിര്‍മ്മാതാവ് ആഡം സ്മിത്തിന്റെയും പ്രതീക്ഷ.

ദിവസങ്ങള്‍ക്ക് മുമ്പേ തായ്‌ലന്‍ഡിലെത്തിയ, മൈക്കല്‍ സ്‌കോട്ടും സംഘവും, രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് രക്ഷാദൗത്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മൂന്നാം ദിവസം മുതല്‍, കുട്ടികളെ പുറത്തെത്തിച്ചതു വരെയുള്ള കാര്യങ്ങള്‍ ഇവര്‍ ഷൂട്ട് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ കാമറയില്‍ പകര്‍ത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങള്‍ ചിത്രീകരിച്ചത്. കൂടാതെ, ഗുഹയിലെ അനുഭവ കഥകളുടെ എക്‌സ്‌ക്ലുസീവ് റൈറ്റും അവര്‍ കരസ്ഥമാക്കി.

മറ്റ് സിനിമാ നിര്‍മ്മാണ കമ്പനികളും ഇവിടേക്ക് എത്തുമെന്നതിനാലാണ് തങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കഘട്ടം മുതലുള്ള ഭാഗങ്ങള്‍ ആദ്യമേ എത്തി ചിത്രീകരിച്ചതെന്ന് സ്‌കോട്ട് പറഞ്ഞു. രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്കു വഹിച്ച വിദേശ ദൗത്യസംഘാംഗങ്ങള്‍, തായ് നാവികസേനാംഗങ്ങള്‍, രക്ഷപ്പെട്ട കുട്ടികള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി വീണ്ടും ചര്‍ച്ച നടത്തിയശേഷമാകും ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. പിന്നീട് പ്രമുഖ താരങ്ങളെ അണിനിരത്തി, ഗുഹയിലെ രക്ഷാപ്രവര്‍ത്തനം അടക്കമുള്ളവ ചിത്രീകരിക്കുമെന്നും മൈക്കല്‍ സ്‌കോട്ട് വ്യക്തമാക്കി.

SHARE