കാത്തിരിപ്പിന് വിട, രജനി ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രം നവംബര്‍ 29 നാണ് തിയേറ്ററുകളിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രീകരണ വേളയില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ”ഒടുവില്‍ വി.എഫ്.എക്സ് ഷോട്ടുകള്‍ എന്ന് തരുമെന്ന് വി.എഫ്.എക്സ് കമ്പനി ഉറപ്പ് നല്‍കിയിരിക്കുന്നു. ചിത്രം 2018 നവംബര്‍ 29ന് റിലീസ് ചെയ്യും” അദ്ദേഹം ട്വിറ്ററിലും ഫെയ്സ്ബുക്ക് പോസ്റ്റിലും കുറിച്ചു.

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. 450 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്സണ്‍ നായികയാകുന്ന ചിത്രത്തില്‍ മലയാള നടന്‍ കലാഭവന്‍ ഷാജോണും അഭിനയിക്കുന്നു. സംഗീതം എ ആര്‍ റഹ്മാനാണ്. വിഷ്വല്‍ എഫക്ട്സുകൊണ്ട് സമ്പന്നമായ ചിത്രത്തിന് സൗണ്ട് ഡിസൈനിംഗ് ഒരുക്കിയിട്ടുള്ളത് ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടിയാണ്.

SHARE