മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല… ജീവിക്കാന്‍ പണം വേണം; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് സിനിമയിലേക്ക് ചുവടുവെക്കുന്നു. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായാണ് ഹസിന്‍ ജഹാന്‍ വേഷമിടുന്നത്. ഒക്ടോബറില്‍ ചിത്രം തീയേറ്ററില്‍ എത്തും.

”എനിക്കും എന്റെ മകനും ജീവിക്കാന്‍ പണം വേണം. എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിനാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അംജദ് ഖാന്‍ തന്നെ സമീപിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു” ഹസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ ഷാമിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനും തനിക്ക് പണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ ചിയര്‍ലീഡറും മോഡലുമായ ഹസിന്‍ ഈ വര്‍ഷമാദ്യമാണ് ഷാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കോഴ ആരോപണവും പരസ്ത്രീ ബന്ധവും വധശ്രമവുമാണ് മുഹമ്മദ് ഷാമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍. കൂടാതെ പരസ്ത്രീ ബന്ധത്തിന്റെ തെളിവുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഭാര്യ ഹാസിന്‍ ജഹാന്റെ ആദ്യ ആരോപണം. ഷാമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും പണം നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷാമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഹസിന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഹാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഷാമി കൊല്ലാന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാസിന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷാമിയുടെ വാദം.

SHARE