ജി.എന്‍.പി.സി പോളിസി ഗൈഡ്‌ലൈന്‍സ് ലംഘിച്ചിട്ടില്ല; ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക്

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ഫേസ്ബുക്ക് തള്ളി. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫെയ്സ്ബുക്കിന് അപേക്ഷ നല്‍കിയത്. എന്നാല്‍, തങ്ങളുടെ പോളിസി ഗൈഡ്ലൈന്‍സ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫെയ്സ്ബുക്ക് സ്വീകരിച്ചത്.

നിലവില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ ജാമ്യമില്ലാ കുറ്റമാണ് എക്സൈസ് നിര്‍ദ്ദേശ പ്രകാരം പൊലീസ് ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് വെച്ച് മദ്യപാനത്തിനായി പാര്‍ട്ടി നടത്തിയെന്നും അനധoകൃതമായി മദ്യംവിറ്റുവെന്നുമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

18 ലക്ഷത്തിലേറെ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പ് അടച്ചുപൂട്ടിക്കണമെന്ന വാശിയിലാണ് പൊലീസും എക്സൈസ് വകുപ്പും. പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്ന അഡ്മിന്‍ അജിത്കുമാറും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള തകൃതിയായ നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഗ്രൂപ്പിന് എതിരെ നടക്കുന്ന പൊലീസ് നടപടിയില്‍ അംഗങ്ങളായിട്ട് ഉള്ളവര്‍ ഫെയ്സ്ബുക്കിലൂടെ തന്നെ പ്രതിഷേധിക്കുന്നുണ്ട്. പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിയമപരായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ പൊതുവികാരം.

തങ്ങള്‍ നടത്തുന്നത് കള്ളവാറ്റ് കേന്ദ്രമല്ല. ഇവിടെ മദ്യ വില്‍പ്പനയോ, മദ്യകമ്പനികളുടെ പരസ്യങ്ങളോ ഇല്ല. ആരെയും നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നുമില്ല എന്നാണ് ഗ്രൂപ്പ് അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍.

SHARE